പലിശ മനുഷ്യനില്‍ സ്വാര്‍ഥം, ലുബ്ധ്, കുടില മനസ്കത, ഹൃദയകാഠിന്യം, ദയയില്ലായ്മ, ധനപൂജ തുടങ്ങിയ ദുര്‍ഗുണങ്ങള്‍ വളര്‍ത്തുന്നു. ഉള്ളവര്‍ അവരുടെ മിച്ച ധനം ഉപയോഗപ്പെടുത്തി ദരിദ്രന്റെ അവസാന ശ്വാസവും തട്ടിയെടുക്കുന്ന കൊടും ചൂഷണമാണ് പലിശ. അതിനാലത് സമൂഹത്തില്‍ ഒട്ടും അവശേഷിക്കാത്തവിധം നിഷ്കാസനം ചെയ്യപ്പെടേണ്ടതാണെന്ന് ഖുര്‍ആന്‍ ഊന്നിപ്പറയുന്നു.
പലിശയുടെ വിപരീത പദമാണ് സ്വദഖ, ദാനധര്‍മം. ഉള്ളവനില്‍നിന്ന് ഇല്ലാത്തവനിലേക്കുള്ള സമ്പത്തിന്റെ ഒഴുക്ക്. പണക്കാര്‍ക്കിടയില്‍ മാത്രം കറങ്ങിക്കൊണ്ടിരിക്കുന്നതാവരുത് സമ്പത്ത്. സമൂഹത്തിന്റെ എല്ലാ തട്ടുകളിലേക്കും പണം എത്തണം. അപ്പോള്‍ മാത്രമേ സമൂഹത്തില്‍ ഔദാര്യം, അനുകമ്പ, വിശാല മനസ്കത തുടങ്ങിയ സല്‍ഗുണങ്ങള്‍ വളരുകയുള്ളൂ.
പലിശയുടെ നിഷ്കാസനവും സ്വദഖയുടെ പോഷണവും ഒരേസമയത്ത് നടക്കണം. അതിനാല്‍ ഇസ്ലാമിക പ്രസ്ഥാനം തുടക്കം മുതല്‍ തന്നെ പലിശക്കെതിരെ വ്യാപകമായ ബോധവത്കരണം നടത്തിയതോടൊപ്പം തന്നെ, പലിശ മുക്തമായ ഒരു സാമ്പത്തിക ബദലിന് പ്രായോഗിക പരിപാടികളും ആവിഷ്കരിച്ചു. 1999-ല്‍ സംസ്ഥാന വ്യാപകമായി പലിശക്കെതിരെ ഒരു കാമ്പയിന്‍ സംഘടിപ്പിക്കുകയുണ്ടായി. അതിനെ തുടര്‍ന്ന് ധാരാളം പുതിയ പലിശരഹിത നിധികള്‍ സ്ഥാപിക്കാനും പലതിന്റെയും മൂലധനം വര്‍ധിപ്പിക്കാനും സാധിച്ചു.
പലിശരഹിത നിധിയുടെ
മൂലധനം
സംഭാവനകളും ദാനധര്‍മങ്ങളും ഷെയറുകളുമാണ് പലിശരഹിത നിധികളുടെ മൂലധനം. ഒരു വിഭാഗത്തില്‍നിന്ന് എല്ലായ്പ്പോഴും സംഭാവന പിരിക്കാന്‍ പറ്റില്ല. വല്ലപ്പോഴുമൊക്കെ അത് ആകാവുന്നതുമാണ്. നിധി ഉപയോഗപ്പെടുത്തുന്നതില്‍ ഭൂരിപക്ഷവും ദരിദ്രരും പട്ടിണിപ്പാവങ്ങളുമാണ്. കടം വാങ്ങുന്നത് പലപ്പോഴും ചികിത്സ, വീട് റിപ്പയര്‍, കുട്ടികളുടെ വിദ്യാഭ്യാസം, കല്യാണം, സല്‍ക്കാരം പോലുള്ള ആദായകരമല്ലാത്ത ആവശ്യങ്ങള്‍ക്കായിരിക്കും. ഇത്തരം കടങ്ങള്‍ സമയത്തിന് തിരിച്ചടക്കാന്‍ കഴിയാറുമില്ല. അതിനാല്‍ നിധിയോടൊപ്പം മറ്റൊരു റിലീഫ് ഫണ്ട് കൂടി ഉണ്ടായിരിക്കണം. സകാത്ത്, സ്വദഖ, മറ്റു ചാരിറ്റി ഫണ്ടുകള്‍, പലിശ ഉദ്ദേശിക്കാത്തവരും സമ്പത്തിന്റെ സുരക്ഷിതത്വം മാത്രം ഉദ്ദേശിച്ച് ബാങ്കുകളില്‍ നിക്ഷേപിക്കുന്നവരുമായ ആളുകളുടെ അക്കൌണ്ടില്‍ വന്നുചേരുന്ന പലിശ എന്നിവ ഈ റിലീഫിന്റെ സ്ഥിരം വരുമാനമാകാവുന്നതാണ്. പലിശ സ്വന്തത്തിനും ഭാര്യാ മക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നിഷിദ്ധം തന്നെ. എന്നാല്‍ പാവങ്ങളുടെ ആവശ്യങ്ങള്‍ക്ക് അത് ആകാം എന്നാണ് പണ്ഡിതാഭിപ്രായം. നന്നായി നടന്നിരുന്ന പല നിധികളും ശരിയാംവണ്ണം തിരിച്ചടവ് ഇല്ലാത്തതുകൊണ്ട് നിലച്ചുപോയത് ഈ ലേഖകന് അറിയാം. പൊതുസമൂഹത്തിന്റെ ചെലവുകളിലും ആവശ്യങ്ങളിലും അധികവും നിയന്ത്രിക്കപ്പെടേണ്ടവ തന്നെയാണ്. ആര്‍ഭാട കല്യാണം, സല്‍ക്കാരം, തരാതരം വസ്ത്രങ്ങള്‍ ഇവയൊക്കെ അനാവശ്യങ്ങളായേ കാണാനാവൂ.
പല നിധികളും സ്വര്‍ണാഭരണങ്ങളാണ് 'ഈടായി' സ്വീകരിക്കുന്നത്. സ്വര്‍ണം നല്‍കാന്‍ കഴിയാത്ത താഴേത്തട്ടിലുള്ളവര്‍ക്കും പ്രയാസങ്ങളുണ്ട്. സത്യസന്ധതക്കും വ്യക്തികളുടെ ജാമ്യത്തിനും പല നിധികളും സ്ഥാനം നല്‍കാറില്ല. അതുകൊണ്ട് തന്നെ നിധികള്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ പോലും ഈ സംരംഭങ്ങളോട് അനുഭാവമുള്ളവരല്ല. എവിടുന്നോ ലഭിക്കുന്ന പണമാണിവര്‍ വിതരണം ചെയ്യുന്നത് എന്ന മനോഭാവമാണ് വേറെ ചിലര്‍ക്ക്. യഥാര്‍ഥത്തില്‍ പല നിധികളും പണമില്ലാതെ പ്രയാസപ്പെടുകയാണ്.
അയല്‍ക്കൂട്ട സംവിധാനം
അയല്‍പക്ക ബന്ധങ്ങളെ കൂട്ടിയിണക്കുന്ന കണ്ണികളാണ് അടുത്ത കാലത്ത് ആരംഭിച്ച 'അയല്‍ക്കൂട്ട സംരംഭങ്ങള്‍.' സ്ത്രീകളില്‍ സമ്പാദ്യ മനസ്ഥിതി വളര്‍ത്തിയെടുക്കുക, ജീവിത ചെലവുകളില്‍ നിയന്ത്രണം വരുത്താന്‍ പ്രേരിപ്പിക്കുക, പരസ്പര കൂട്ടായ്മകളിലൂടെ സ്വയം തൊഴില്‍ കണ്ടെത്തുക, കുടുംബത്തിന്റെ അത്താണിയാവുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാവണം അയല്‍ക്കൂട്ട പരസ്പര സഹായധനിധികള്‍ ഉണ്ടാവേണ്ടത്.
വിദ്യാഭ്യാസവും നേതൃശേഷിയുമുള്ള ഒരു സ്ത്രീയുടെ കീഴില്‍ ഒരു സംഘം സ്ത്രീകളെ (30 പേരെ) സംഘടിപ്പിച്ച് ആഴ്ചതോറും തന്നാലാവുന്ന (20 രൂപയില്‍ കുറയാത്ത) സംഖ്യ നിക്ഷേപമായി സ്വരൂപിക്കുക. കൂടുതല്‍ കഴിയുന്നവര്‍ക്ക് വലിയ സംഖ്യയും അടക്കാവുന്നതാണ്. മൂന്നോ നാലോ മാസം അടച്ച ശേഷം, അയല്‍ക്കൂട്ടാംഗങ്ങളുടെ രണ്ടോ മൂന്നോ പേരുടെ ജാമ്യത്തില്‍ നിശ്ചിത കാലത്തേക്ക് ഇതില്‍നിന്ന് കടം നല്‍കാവുന്നതാണ്.
ചീട്ട്കളി, മദ്യപാനം, ചൂതാട്ടം തുടങ്ങിയ വന്‍കുറ്റങ്ങളില്‍നിന്നൊക്കെ താരതമ്യേന മുക്തരാണ് സ്ത്രീകള്‍. ഈശ്വരചിന്ത, സത്യസന്ധത, ധര്‍മബോധം, കാരുണ്യം, അലിവ് തുടങ്ങിയ മൂല്യങ്ങളൊക്കെ സ്ത്രീകളിലാണ് കൂടുതലുള്ളത്. അതുകൊണ്ട് സ്ത്രീകളില്‍ തിരിച്ചടവ് ഏറെക്കുറെ കൃത്യമായി നടക്കുന്നു. ഈ സംരംഭവുമായി സഹകരിക്കുന്ന അംഗങ്ങള്‍ക്ക് മാത്രമേ വായ്പ നല്‍കാവൂ.
വരവിന്റെയും നിക്ഷേപത്തിന്റെയും തോതനുസരിച്ച് കാലി വളര്‍ത്തല്‍, ആട് വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, സോപ്പ് നിര്‍മാണം, കുട നിര്‍മാണം, തേനീച്ച വളര്‍ത്തല്‍, അലങ്കാര മത്സ്യങ്ങള്‍ വളര്‍ത്തല്‍, കൂണ്‍ കൃഷി മുതലായ സംരംഭങ്ങള്‍ക്ക് സഹായം നല്‍കാവുന്നതാണ്. സംരംഭത്തില്‍ നിക്ഷേപിച്ചവര്‍ക്ക് പണം പിന്‍വലിക്കാന്‍ അവസരമുണ്ടാവണം. വ്യവസ്ഥകള്‍ പാലിക്കാത്തവരെ മാറ്റിനിര്‍ത്തണം. ഓഫീസ് വ്യവസ്ഥ കാര്യക്ഷമമായിരിക്കണം. റസീറ്റ്, വൌച്ചര്‍, അക്കൌണ്ട് ബുക്ക് എന്നിവ കൃത്യമായി സൂക്ഷിക്കണം.
പലിശാടിസ്ഥാനത്തിലുള്ള മൈക്രോ ഫിനാന്‍സ് സംരംഭങ്ങള്‍ വ്യാപകമായ ഇക്കാലത്ത് ധാര്‍മികാടിത്തറയില്‍ അയല്‍ക്കൂട്ടങ്ങള്‍ സംഘടിപ്പിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
.